കായംകുളം: യു. പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കുമെതിരായ ലഹരിക്കേസിൽ എക്സൈസിനെതിരേ മന്ത്രി സജി ചെറിയാൻ. പുക വലിക്കുന്നത് മഹാ അപരാധമാണോയെന്നും കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. കായംകുളത്ത് എസ്.വാസുദേവൻ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി ഒരു കേസിലുമില്ല. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതിൽ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്", മന്ത്രി ചോദിച്ചു.
കൊച്ചുകുട്ടികളല്ലേ, അവർ കമ്പനി കൂടും സംസാരിക്കും ചിലപ്പോൾ പുകവലിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്. പക്ഷെ ഇത് വലിയൊരു മഹാ അപരാധമാണോ. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി ഇരുന്നു.അതിന് പ്രതിഭയ്ക്ക് എന്ത് ചെയ്യാൻ കഴിയും. അവർ സ്ത്രീയല്ലേ, ആ പരിഗണന നൽകണ്ടേ. പ്രതിഭയെ വേട്ടയാടുകയാണ്. കേരളത്തിലെ 140 എം.എൽ.എ.മാരിൽ ഏറ്റവും മികച്ച എം.എൽ.എ.യാണ് അവർ. അതിനാലാണ് പാർട്ടി മത്സരിപ്പിച്ചത്'., പ്രതിഭ വേദിയിലിരിക്കെ സജി ചെറിയാൻ പറഞ്ഞു.