കൊച്ചി: ഉമ തോമസ് എം.എൽ.എ അപകടത്തിൽപ്പെട്ട നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിംഗ് ഡയറക്ടർ എം. നിഘോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മൃദംഗ വിഷന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസിലെ ഒന്നാം പ്രതിയായ നിഘോഷ് കുമാർ ഉച്ചയ്ക്ക് രണ്ടിന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. മൂന്നാം പ്രതിയും ഓസ്കാർ ഇവന്റ്സ് ഉടമയുമായ തൃശൂർ സ്വദേശി പി.എസ്. ജനീഷ് ഹാജരായില്ല. സാമ്പത്തികതട്ടിപ്പിനും കേസെടുത്തതിന് പിന്നാലെയാണ് 38 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.