BREAKING NEWS
dateTHU 21 NOV, 2024, 3:12 PM IST
dateTHU 21 NOV, 2024, 3:12 PM IST
back
Homesections
sections
Aswani Neenu
Thu May 09, 2024 10:42 AM IST
ഒമ്പത് എ പ്ലസും ഒരു എയും നേടി ഗോപിക; പക്ഷെ ആഹ്ലാദം പങ്കിടാന്‍ അയനിക്കാട്ടെ വീട്ടിൽ അവളില്ല, പ്രിയപ്പെട്ടവരും...
NewsImage

പയ്യോളി: ഒരുമാസംമുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികയുടെ ഉന്നതവിജയത്തില്‍ ആഹ്ലാദംപങ്കിടാന്‍ ആരുമില്ല. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

720 പേര്‍ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്‌കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

''ആ കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍...'' -അധ്യാപകര്‍ വാക്കുകള്‍ പൂര്‍ത്തിയാക്കിയില്ല. പഠനത്തിലും പഠനേതരപ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയ ഗോപിക സ്‌കൂളിലെ മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു. 'ഒരു പാട്ട് പാടുമോ' എന്നുചോദിക്കേണ്ട താമസമേ ഉണ്ടാകൂ. മടിയേതുമില്ലാതെ ഒഴുകിയെത്തുമായിരുന്നു ഗോപികാഗാനം. സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാന്‍ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവര്‍ഷംമുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

മാര്‍ച്ച് 28 ന് വ്യാഴാഴ്ച രാവിലെ 8.15-ന് തിരുവനന്തപുരത്തേക്കുപോയ പരശുറാം എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചെന്ന വിവരമാണ് നാട്ടുകാര്‍ ആദ്യമറിയുന്നത്. സ്ഥലത്ത് എത്തിയവര്‍ മരിച്ചത് സുമേഷാണെന്ന് തിരിച്ചറിഞ്ഞു. സംഭവമറിഞ്ഞ് സുമേഷിന്റെ വീട്ടിലെത്തിയവര്‍ പുറമേനിന്ന് ഫാന്‍ കറങ്ങുന്നത് കണ്ടെങ്കിലും കുട്ടികളെ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല. വാതില്‍ പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. സ്ഥലത്തെത്തിയ സുമേഷിന്റെ സഹോദരന്‍ സുഭാഷ് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മുറിക്കകത്തെ കട്ടിലില്‍ ഇരുവരെയും പുതപ്പിച്ച് കിടത്തിയത് കണ്ടത്. കുട്ടികളുടെ മൂക്കില്‍ പഞ്ഞിയുംവെച്ചിരുന്നു. പഞ്ഞിയില്‍ രക്തം നിറഞ്ഞിരുന്നു. സ്വപ്നയുടെ ഫോട്ടോയും കട്ടിലില്‍ കുട്ടികള്‍ക്കരികിലുണ്ടായിരുന്നു. സമീപം ആത്മഹത്യക്കുറിപ്പും കണ്ടെത്തി.

സുമേഷ് മുമ്പ് ഗള്‍ഫിലായിരുന്നു. ഗോപിക പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്. സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും ജ്യോതിക അയനിക്കാട് അയ്യപ്പന്‍കാവ് യു.പി. സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുമാണ്. സുമേഷിന്റെ തറവാട് വീട്ടിലായിരുന്ന കുട്ടികളെ പരീക്ഷ കഴിഞ്ഞതിനാല്‍ ബുധനാഴ്ച വൈകീട്ട് സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: കുട്ടികളുടെ ഉള്ളില്‍ വിഷം ചെന്നതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ശബ്ദമൊന്നും പുറത്തുവരാത്തതിനാല്‍ ആദ്യം ചിലപ്പോള്‍ മയങ്ങിപ്പോകുന്ന എന്തെങ്കിലും കൊടുത്തിട്ടുണ്ടാവും. മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുമുണ്ട്. മുറികളിലൊന്നുംതന്നെ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ നിലത്ത് തുടച്ച് വൃത്തിയാക്കിയതിന്റെ ലക്ഷണമുണ്ട്. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഭാര്യയുടെ അടുത്തേക്ക് പോകുന്നു എന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE