
നാദാപുരം: ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ 2019 ഏപ്രിൽ പതിനേഴാം തീയതി അഞ്ചാം പീടിക എന്ന സ്ഥലത്തെ കല്യാണപ്പന്തലിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയനാക്കിയ കേസിലെ പ്രതിയായ കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരൻ( 62) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്.
വിദ്യാർത്ഥിനി വിവരം സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടർ കെ.സജി അഗസ്റ്റിൻ, എഎസ് ഐ സി.ശ്രീജ എന്നിവരാണ്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 9 സാക്ഷികളെ വിസ്‌തരിക്കുകയും 14രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ മനോജ് അരൂർ ഹാജരായി.