കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറുവങ്ങാട് അണേല ഊരാളി വീട്ടിൽ അമൽസൂര്യയെ (27) ആണ് ബുധനാഴ്ച പുലർച്ചെ സ്റ്റേഡിയത്തിന്റെ കിഴക്കേ ഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്റ്റേഡിയത്തിൽ പുലർച്ചെ വ്യായാമത്തിനെത്തിയവരാണ് മൃതദേഹം കണ്ടത്.
സമീപത്തുതന്നെ മറ്റൊരു യുവാവും അർധബോധാവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. ഇയാളെ പോലീസ് കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ കുറുവങ്ങാട് സ്വദേശി മൻസൂറാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മറ്റൊരാൾ ഓടിപ്പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ കിഴക്കേ ഗാലറിയുടെ തെക്കുഭാഗത്തായി മുഖം നിലത്തുകുത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപം സിറിഞ്ചുകളും മറ്റുമുണ്ടായിരുന്നു. വടകര ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ സ്ഥലത്തെത്തി. ഫൊറൻസിക് വിഭാഗവും പോലീസ് ഡോഗ് സ്ക്വാഡും പരിശോധന നടത്തി.