അത്തോളി: എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദാണ് പോലീസിൻ്റെ പിടിയിലായത്. ഉള്ളിയേരി, അത്തോളി, മൊടക്കല്ലൂർ എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രിയിലെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും പ്രതി വൻതോതിൽ എം ഡി എം എയും, എൽ എസ് ഡി സ്റ്റാമ്പുകളും വിൽപന നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതി സ്റ്റാമ്പു സഹിതം പോലീസിൻ്റെ വലയിലാകുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും ചേർന്ന് അത്തോളി എസ് ഐ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
ഇയാളിൽ നിന്നും 0.020 ഗ്രാം തൂക്കം വരുന്ന ആറ് എൽ എസ് സി സ്റ്റാമ്പുകൾ പോലീസ് പിടിച്ചെടുത്തു. ഇയാൾ സ്ഥിരമായി ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്താണ് ലഹരി വിൽപന നടത്തിയിരുന്നതെന്നും ഇയാളുപയോഗിച്ച പോളോ വെൻറോ കാർ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എസ് ഐ മനോജ് രാമത്ത്, എഎസ്ഐ സദാനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, സിഞ്ചുദാസ്, ജയേഷ് കെ കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പോലീസ് അറിയിച്ചു.