കൊയിലാണ്ടി: സി.പി.എം. നേതാവ് പി.വി. സത്യനാഥന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സത്യനാഥന്റെ ശരീരത്തില്‍ മൂന്ന് വലിയ മുറിവുകളാണുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്. കൃത്യം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെയാണ് ആയുധം കണ്ടെത്തിയത്. കേസില്‍ കസ്റ്റഡിയിലുള്ള അഭിലാഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കേസ് അന്വേഷിക്കാനായി വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.