കൊയിലാണ്ടി : കാറിൽ സഞ്ചരിക്കവേ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കി പണം കവർന്നുവെന്ന പരാതിയിൽ പ്രതികളെ തുടരന്വേഷണത്തിനായി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിക്കോടി ആവിക്കൽ റോഡ് സുഹാന മൻസിൽ സുഹൈൽ(25), തിക്കോടി ആവിക്കൽ ഉമ്മർവളപ്പിൽ മുഹമ്മദ് താഹ(27), പുതിയവളപ്പിൽ മുഹമ്മദ് യാസർ(21) എന്നിവരെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.
താഹയിൽനിന്ന് 37 ലക്ഷം രൂപ നേരത്തേ കണ്ടെത്തിയിരുന്നു. 72,40,000 രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. എ.ടി.എം. കൗണ്ടറുകളിൽ പണംനിറയ്ക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽവെച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയശേഷം പണം കവർന്നതെന്നായിരുന്നു പരാതി. സുഹൈലിനെ കാറിൽ ബന്ദിയാക്കിയനിലയിലും ശരീരമാകെ മുളകുപൊടി വിതറിയനിലയിലുമാണ് കണ്ടെത്തിയത്. ആദ്യം നഷ്ടമായത് 25 ലക്ഷം രൂപയെന്ന് പറഞ്ഞിരുന്നു. എന്നാൽ, 72,40,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. യാത്രയ്ക്കിടെ പർദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരാൾ ആക്രമിച്ചുവെന്നുമായിരുന്നു മൊഴി.
യുവാവിന്റെ മൊഴിയിലെ വൈരുധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പ്രതികളായത്. പോലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിടാനായിരുന്നു കോടതിയോട് അപേക്ഷിച്ചിരുന്നത്. നഷ്ടപ്പെട്ട മുഴുവൻതുകയും അന്വേഷണത്തിലൂടെ കണ്ടെത്തുന്നതിനാണ് പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ടത്.