കൊല്ലം: ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലം മടത്തറ സ്വദേശി അല്‍ത്താഫ്(25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ആട് വീണത്. തുടർന്ന് കയറിൽ തൂങ്ങിക്കൊണ്ട് അൽത്താഫ് താഴേയ്ക്ക് ഇറങ്ങുകയായിരുന്നു. താഴേയ്ക്കെത്തിയതോടെ യുവാവ് ശ്വാസം കിട്ടാതെ ഭിത്തിയിൽ ചാരി നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടിയൽ യുവാവ് ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് വീണുപോകുകയായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അൽത്താഫ് രക്ഷിക്കാൻ ശ്രമിച്ച ആടും ചത്തു.
തിരുവനന്തപുരത്ത് സോളാറുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അല്‍ത്താഫ്. ഓക്സിജനുണ്ടെന്ന് ഉറപ്പാക്കാതെ കിണറ്റിലിറങ്ങാൻ ശ്രമിക്കരുതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പരിസരവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്ന സാഹചര്യങ്ങളിൽ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി.