വടകര: മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും എന്നിങ്ങനെ ബസ് ജീവനക്കാരെ കുറിച്ച് പറയുമ്പോൾ പരാതികളാണ് ഏറെയും കേൾക്കാറ്. എന്നാൽ അവരിലും നന്മയുള്ള കാഴ്ചളുണ്ട്. അവയൊന്നും പലരും അറിയാറില്ലെന്ന് മാത്രം. അത്തരത്തിൽ ഒരു സംഭവം നിങ്ങളിലേക്ക് എത്തിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ കാരണക്കാരായത് ബസ് ജീവനക്കാരാണ്. പനിയെത്തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ കൊയിലാണ്ടി-വടകര റൂട്ടിലോടുന്ന സാരംഗ് ബസ് ജീവനക്കാര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെ കൊയിലാണ്ടിയില്‍നിന്ന് വടകരയിലേക്ക് ട്രിപ്പ് നടത്തുകയായിരുന്നു സാരംഗ് ബസ്. ഇതിനിടെ അരവിന്ദ് ഘോഷ് ബസ്സ്റ്റോപ്പില്‍നിന്ന് കുഞ്ഞുമായി അച്ഛനും അമ്മയും കരഞ്ഞുകൊണ്ട് ബസിലേക്ക് കയറുകയായിരുന്നു. കുട്ടിക്ക് ഈ സമയത്ത് ബോധമുണ്ടായിരുന്നില്ല. ഉടൻ തന്നെ ബസ് ജീവനക്കാരായ ഇരിങ്ങത്ത് തയ്യുള്ളപറമ്പില്‍ സുബിന്‍, പയ്യോളി ബീച്ചിലെ വീണ നിവാസില്‍ രൂപേഷ്, ഇരിങ്ങല്‍ പുലിക്കോട് താരമേല്‍ സാരംഗ് എന്നിവർ വാഹനം സഹകരണ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. പുതുപ്പണം ചിക്കിനോത്ത് രഞ്ജിത്തിന്റെ മകനെയാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. ബസിലെ യാത്രക്കാരെല്ലാം ഇതുമായി സഹകരിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ബസ് ആശുപത്രിയിലേക്ക് കയറുമ്പോഴേക്കും ജീവനക്കാർ ഓടിയെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ബസ് ജീവനക്കാരുടെ നന്മ നിറഞ്ഞ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.