കോഴിക്കോട് : അറുപത്തിനാലുകാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തളളിയിട്ട് ബാഗുമായി കടന്ന മോഷ്ടാവിനായി വ്യാപക തെരച്ചിൽ. മുംബയിൽ സഹോദരന്റെ വീട്ടിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമ്മിണിക്ക് നിലത്തുവീണതിനെത്തുടർന്ന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
എസ്-1 കോച്ചിൽ വാതിലിനോട് ചേർന്ന സീറ്റിലായിരുന്നു അമ്മിണി ഇരുന്നത്. സഹോദരൻ വർഗീസും ഒപ്പമുണ്ടായിരുന്നു. ട്രെയിൻ കോഴിക്കോട് നിറുത്തിയപ്പോൾ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് കടക്കാൻ ശ്രമിച്ചു. ഇതുകണ്ട് അമ്മിണി ബാഗിൽ പിടിച്ചുവലിച്ച് മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ബാഗ് ബലംപ്രയോഗിച്ച് തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ പുറത്തേക്ക് തള്ളിയിടുകയും പിന്നാലെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കോച്ചിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഉറക്കമായിരുന്നതിനാൽ അവർ ആരും സംഭവം അറിഞ്ഞില്ല.ശബ്ദംകേട്ട് ബാത്ത് റൂമിൽ നിന്ന് പുറത്തേക്ക് വന്ന വർഗീസ് ടിടിഇയുടെ സഹായത്തോടെ ട്രെയിൻ ചങ്ങലവലിച്ച് നിറുത്തി. പുറത്തിറങ്ങിയ വർഗീസ് ട്രെയിൻ വന്ന വഴിയിലൂടെ ഓടി.മറ്റുചില യാത്രക്കാരും ഒപ്പംകൂടി. കുറച്ചകലെ തലപൊട്ടി ചോരയൊലിപ്പിച്ച് കിടന്ന അമ്മിണിയെ തിരികെ കയറ്റി ട്രെയിൻ യാത്ര തുടർന്നു.തുടർന്ന് തിരൂർ സ്റ്റേഷനിൽ ഇറങ്ങുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.