പേരാമ്പ്ര: കൂത്താളി തൈപ്പറമ്പിൽ പത്മാവതി അമ്മ (65) മരിച്ചത് മകന്റെ മർദനമേറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ മകൻ ലിനീഷിനെ (47) പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
ഈ മാസം അഞ്ചിന് രാവിലെയാണ് പത്മാവതി അമ്മ അവശനിലയിലാണെന്ന് ലിനീഷ് സമീപവാസികളെ അറിയിക്കുന്നത്. ലീനിഷും നാട്ടുകാരുംചേർന്നാണ് ആശുപത്രിയിലേക്കെത്തിച്ചത്. കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ആ ദിവസംതന്നെ പത്മാവതി അമ്മ മരിച്ചു. മുഖത്ത് പാടുകൾകണ്ടതിനാൽ പോലീസിന് വിവരം കൈമാറുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. തലയിലുണ്ടായ ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച സൂചന.
സംഭവദിവസം ലിനീഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. സയന്റിഫിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടംചെയ്ത ഡോക്ടർ നൽകിയ പ്രാഥമികവിവരങ്ങളുമടക്കം ശാസ്ത്രീയമായ തെളിവുകൾനിരത്തി ചോദ്യംചെയ്തപ്പോഴാണ് മർദിച്ചെന്ന വിവരം സമ്മതിച്ചത്.
പണവും സ്വത്തും സംബന്ധിച്ച് നിലനിന്ന പ്രശ്നങ്ങളുടെ തുടർച്ചയാണ് മർദനത്തിലേക്കുനയിച്ചതെന്ന് പോലീസ് പറഞ്ഞു. ലിനീഷ് മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പത്മാവതി അമ്മ രാത്രിയിൽ താമസിക്കാൻ സമീപവീടുകളിൽ അഭയംതേടാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ജ്യേഷ്ഠനുമായും പ്രശ്നങ്ങൾ നിലനിന്നിരുന്നു. ജ്യേഷ്ഠൻ മറ്റൊരുവീട്ടിലാണ് താമസം. പത്മാവതി അമ്മയുടെ ഭർത്താവ് പരേതനായ ഒ.സി. ബാലകൃഷ്ണൻനായർ മിലിട്ടറി സർവീസിലായിരുന്നു. അതിന്റെ പെൻഷൻ ഇവർക്ക് ലഭിക്കുന്നുണ്ട്. പണമെടുക്കാനുള്ള എടിഎം കാർഡ് മൂത്തമകന്റെ കൈവശമായിരുന്നു.
നാലിന് രാത്രി ഒൻപതോടെയാണ് പത്മാവതി അമ്മയും ലിനീഷും തമ്മിൽ വാക്‌തർക്കമുണ്ടാകുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന പത്മാവതി അമ്മയുടെ അടുത്തെത്തുകയും സ്വർണമാല മൂത്തമകനുനൽകി മുക്കുപണ്ടം ധരിക്കുന്നെന്നും പണം കടംവാങ്ങി നൽകുന്നെന്നും മറ്റും പറഞ്ഞ് തർക്കമുണ്ടാക്കി. മാലയെടുത്ത് പത്മാവതി അമ്മയുടെ മുഖത്തടിക്കുകയും വലിച്ചെറിയുകയും ചെയ്തു. പിന്നീട് കഴുത്തിനുപിടിച്ച് നെറ്റിയിലും വയറിലും മുട്ടുമടക്കി ഇടിച്ചു. ഇതിലേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.