
വടകര: രണ്ടു ദിവസത്തിനകം ചേരുന്ന ട്രാഫിക് റഗുലേറ്ററി യോഗം വരെ കൊയിലാണ്ടി, പേരാമ്പ്ര, കൊളാവിപ്പാലം ബസുകള്‍ പഴയ സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്തണമെന്ന റൂറല്‍എസ്പി മെറിന് ജോസഫിന്റെ അഭ്യര്‍ഥന മാനിച്ച് സമരം നിര്‍ത്തിവെക്കാന്‍ സംയുക്ത തൊഴിലാളി യൂനിയന്‍ തീരുമാനിച്ചു. ഇന്ന് മുതല്‍ ട്രാഫിക് റഗുലേറ്ററി യോഗം വരെ പഴയ സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്താനും തീരുമാനിച്ചു.
വടകരയിലെ ഗതാഗതകുരുക്കിന് കാരണവും പരിഹാരവും കണ്ടെത്താനുള്ള പരിശോധന പോലീസിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് എസ്പി ചര്‍ച്ചയില്‍ പറഞ്ഞു. യൂനിയന്‍ നേതാക്കളായ എ.സതീശന്, എം.ബാലകൃഷ്ണന്, അഡ്വ. ഇ.നാരായണന് നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്, പി.സജീവ് കുമാര്‍, മജീദ് അറക്കിലാട്, കെ.പ്രകാശന്, ബാബു നരിപ്പറ്റ, ഇ.പ്രദീപ് കുമാര്‍, ബസ് ഉടമ സംഘം പ്രസിഡന്റ് സല്‍വ കുഞ്ഞമ്മദ്, സെക്രട്ടറി എ.പി.ഹരിദാസന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.