കാസർകോഡ്: കാഞ്ഞങ്ങാട് ആൾമറയില്ലാത്ത കിണറ്റിൽ വീണ വൃദ്ധ മരിച്ചു. അരയി അങ്കൺവാടിക്ക് സമീപം താമസിക്കുന്ന മണക്കാട്ട് നാരായണി (85) യാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 10.30 മണിയോടെ പറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആൾ മറയില്ലാത്ത കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
രാവിലെ പറമ്പിലേക്ക് പോയ നാരായണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറിൽ വീണ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ കരക്കെത്തിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.