കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് ഇ.ഡി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ആര്‍ബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഇ.ഡി ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.