
ഹരിപ്പാട് (ആലപ്പുഴ): കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. അഗ്നിരക്ഷാനിലയം ചേർത്തല ഓഫീസിലെ ഉദ്യോഗസ്ഥൻ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ ഗോകുൽ (24) ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയൻ ബാങ്കിനു സമീപമായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു.ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.