തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കുട്ടികളെ ഉത്തരമെഴുതി സഹായിച്ച ചീഫ് സൂപ്രണ്ടിനെ കൈയോടെ പിടികൂടി. ആനാട് ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾക്ക് ചീഫ് സൂപ്രണ്ടുതന്നെ ഉത്തരങ്ങളെഴുതി വിദ്യാർഥികൾക്കു കൈമാറുകയായിരുന്നു. ഇതേ സ്കൂളിൽ മറ്റൊരു ഹാളിൽ മൂന്നു വിദ്യാർഥികൾ പുസ്തകം നോക്കി ഉത്തരമെഴുതുന്നതും പരീക്ഷാ സ്ക്വാഡ് പിടികൂടി.
ഗുരുതരക്രമക്കേട് ചൂണ്ടിക്കാട്ടി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻവിജിലേറ്റർ, ഓഫീസ് അസിസ്റ്റന്റ് എന്നിവർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. ക്രമക്കേട് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനാൽ പരീക്ഷാഭവൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തുകയായിരുന്നു. പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾക്കാണ് ചീഫ് സൂപ്രണ്ട് നേരിട്ട് ഉത്തരങ്ങളെഴുതി കൈമാറുന്നതു കണ്ടത്.
ചിക്കൻ പോക്സ് ബാധിച്ചെന്ന പേരിൽ പ്രത്യേക ഹാളിൽ പരീക്ഷയ്ക്കിരുന്ന മൂന്നു വിദ്യാർഥികളാണ് പുസ്തകങ്ങൾ നോക്കി പരീക്ഷയെഴുതുന്നത് കണ്ടത്. ഓഫീസ് അസിസ്റ്റന്റാണ് പുസ്തകം എത്തിച്ചുനൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ നീക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആറ്റിങ്ങൽ ഡി.ഇ.ഒ.യ്ക്ക് നിർദേശം നൽകി.