തൃശൂർ: എം.ഡി.എം.എയുമായി യുവാവിനെ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി. കൊല്ലം കരുനാഗപ്പിള്ളി തിരുവോണം വീട്ടിൽ അങ്കിത് (21) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
സിന്തറ്റിക് ലഹരി കൈവശം വെച്ചതിന് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മയക്കുമരുന്ന് തൃശൂരിലും പരിസരപ്രദേശത്തും വിൽപ്പനക്കായി എത്തിച്ചപ്പോഴാണ് പിടിയിലായത്. ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. എസ്.ഐ എം.ആർ. അരുൺകുമാർ, സി.പി.ഒമാരായ സൂരജ്, വൈശാഖ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എൻ.ജി. സുവ്രതകുമാർ, സുദേവ്, സി.പി.ഒമാരായ ശരത്, ലിഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.