
കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ട് സമീപത്തുകിടന്നുറങ്ങിയ യുവാവ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. പേപ്പറിൽ കഞ്ചാവിലകളിട്ടതിനുശേഷം സമീപത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്നു.
ഇന്ന് രാവിലെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്. ഉടൻപൊലീസിൽ വിവരമറിയിച്ചു.വെള്ളയിൽ പൊലീസ് സ്ഥലത്തെത്തിയിട്ടും യുവാവ് ഉറക്കമെഴുന്നേറ്റിരുന്നില്ല. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മുൻപും ഇയാൾ കഞ്ചാവുക്കേസിൽ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ നിന്നെത്തിച്ച കഞ്ചാവ് പല സ്ഥലങ്ങളിലേക്കും വിതരണം ചെയ്യുന്നതിനുമുന്നോടിയാണ് ഉണക്കാനിട്ടതെന്നാണ് പറഞ്ഞത്.