
കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77കാരന് അഞ്ചുവര്‍ഷം കഠിനതടവ്. വെള്ളിപ്പറമ്പ് ചെറുകുന്നുമ്മേൽ രാമചന്ദ്രനെയാണ് കോഴിക്കോട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അഞ്ചുവർഷം കഠിനതടവിനും 30,000 രൂപ പിഴയും വിധിച്ചത്. പിഴ തുകയിൽനിന്ന് 25,000 രൂപ ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
പിഴ അടയ്ക്കാത്തപക്ഷം പ്രതി മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന വഴിയിൽ കടയിൽ മിഠായി വാങ്ങാൻ കയറിയപ്പോൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് കേസ്. മെഡിക്കൽ കോളജ് എസ്.ഐ ആർ. നിഥിൻ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷൻ ഭാഗത്തിനായി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. കോഴിക്കോട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി സി. എസ്. അമ്പിളിയാണ് വിധി പ്രസ്താവിച്ചത്.