കൊച്ചി: കാഫിർ സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
രണ്ടുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടിലെയും അന്വേഷണം ഒരാളിലായിരിക്കും എത്തുകയെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ അറിയിച്ചു.അന്വേഷണം ശരിയായ ദിശയിലാണല്ലോയെന്ന് വാക്കാൽ അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വിശദമായ വാദം കേൾക്കുന്നതിനായി 29-ന് പരിഗണിക്കാനായി മാറ്റി.
റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ്, അമ്പാടിമുക്ക് സഖാക്കൾ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചതിന്റെ അന്വേഷണം നിലവിൽ റിബേഷിലാണ് എത്തിനിൽക്കുന്നത്. സ്‌ക്രീൻ ഷോട്ട് കിട്ടിയത് എവിടെനിന്നാണെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല. ഇയാളെ പ്രതിയാക്കാൻ നിലവിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വിശദീകരിച്ചു.