മാനന്തവാടി (വയനാട്): യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം 'യങ് ഇന്ത്യ' ബൂത്ത് ലെവല്‍ ലീഡേഴ്സ് മീറ്റില്‍ കൈയാങ്കളി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം പോരടിച്ചത്.
നാലാംമൈല്‍ സി.എ.എച്ച്. ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് യോഗം തുടങ്ങിയത്. ആറേമുക്കാലോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി. ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി. അബ്ദുള്‍ അഷ്റഫ് വേദിയിലിരുന്നതാണ് ഒരുവിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി ഷിനു ജോണ്‍, എടവക മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ് ജീസസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അബ്ദുല്‍ അഷ്റഫിനെ പിന്തുണയ്ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പരസ്പരം ഏറ്റുമുട്ടി. വേദിയില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര് ഇറങ്ങിവന്നാണ് പ്രശ്നം പരിഹരിച്ചത്. അബ്ദുള്‍ അഷ്റഫിനെ വേദിയിലിരുത്തിത്തന്നെ യോഗം തുടരുകയും ചെയ്തു.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലം കമ്മിറ്റികളിലും സംസ്ഥാന അധ്യക്ഷനും മറ്റുഭാരവാഹികളും ബൂത്ത് പ്രസിഡന്റുമാരെ നേരില്‍ക്കണ്ട് സംവദിക്കുന്ന പരിപാടിയാണ് 'യങ് ഇന്ത്യ'.