BREAKING NEWS
dateTHU 21 NOV, 2024, 3:03 PM IST
dateTHU 21 NOV, 2024, 3:03 PM IST
back
Homeregional
regional
Arya
Mon Dec 11, 2023 11:20 AM IST
മൂന്നംഗ മലയാളി കുടുംബത്തിന്റെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്
NewsImage

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. പിറ്റേ ദിവസം രാവിലെ 11 മണിയായിട്ടും ഇവരെ പുറത്തു കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മകളെ കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സാമ്പത്തിക ബാധ്യത കാരണം കടുംകൈ ചെയ്യുവെന്നുളള കുറിപ്പും പോലീസ് മുറിയില്‍ നിന്ന് കണ്ടെടുത്തു. ഒരു എസ്‌യുവിയിലാണ് മൂന്നംഗ കുടുംബം കോട്ടേജില്‍ എത്തിയതെന്ന് മാനേജര്‍ ആനന്ദ് പറഞ്ഞു. വളരെ സന്തോഷഭരിതരായിരുന്നു ഇവര്‍. മുറിയിലെത്തി അല്‍പ്പം വിശ്രമിച്ച ശേഷം ഇവര്‍ റിസോര്‍ട്ടും പരിസരവും ചുറ്റിക്കറങ്ങി കണ്ടു.പുറത്തുളള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തി. അത്താഴം കഴിച്ച്‌ റിസോര്‍ട്ട് ജീവനക്കാരുമായി കുശലം പറഞ്ഞാണ് കോട്ടേജിലേക്ക് പോയത്. ശനിയാഴ്ച രാവിലെ 10 ന് തന്നെ ചെക്കൗട്ട് ചെയ്യുമെന്നും ഇവർ പറഞ്ഞിരുന്നതായും മാനേജർ പറഞ്ഞു. 

11 മണി കഴിഞ്ഞിട്ടും കുടുംബത്തെ കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ കോട്ടേജിന്റെ വാതിലില്‍ മുട്ടി വിളിച്ചു. തുറക്കാതെ വന്നതിനെ തുടര്‍ന്ന് സംശയം തോന്നി ജനാല വഴി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കഴിഞ്ഞ മേയ് മാസത്തിലാണ് വിനോദും ജിബിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിനോദിന്റെ ആദ്യ വിവാഹത്തിലെ ഭാര്യും മകളും കാനഡയിലാണുള്ളത്. വിമുക്തഭടനായ വിനോദ് വിവാഹബന്ധം വേര്‍പെടുത്തിയ ആളാണ്.തുടര്‍ന്ന് തിരുവല്ലയില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ അസിസ്റ്റന്‍ പ്രഫസറായ ജിബി കാനഡയിലേക്ക് പോകാന്‍ വിസ എടുക്കുന്നതിന് വേണ്ടി മൂന്നു വര്‍ഷം മുന്‍പാണ് വിനോദിനെ സമീപിച്ചത്. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട വിനോദിനെ വിവാഹം കഴിക്കുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വിവാഹശേഷം ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളെയും കൂട്ടി തിരുവല്ലയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ജിബിയും വിനോദും. ഇതിനിടെ വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബിയും പാര്‍ട്ണറായി. ജിബിയുടെ മാതാപിതാക്കള്‍ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ജിബി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. എം.ടെക് പാസായ ജിബി മാര്‍ത്തോമ്മ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്.സി ബയോടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രഫസറായി എട്ടു വര്‍ഷമായി ജോലി നോക്കി വരികയാണ്. ജിബിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. കാസര്‍കോഡ് സ്വദേശിയുമായി നടന്ന വിവാഹം വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമാണ് നീണ്ടു നിന്നത്. വിവാഹശേഷം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കി. പല വിധ ലഹരികള്‍ക്ക് അടിമപ്പെട്ട ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ വിവാഹ മോചനം നേടി നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ജിബി അടുത്ത സുഹൃത്തുക്കളായ അധ്യാപകരോട് പറഞ്ഞിരുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാതെ വന്നതാണ് വിനോദിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്ന് പറയുന്നു. വിസ ഇടനിലക്കാര്‍ ഇവരെ ചതിച്ചതാണെന്നാണ് വിവരം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE