
നാദാപുരം: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. തൂണേരിയിൽ ഇന്നലെയായിരുന്നു സംഭവം. പേരോട് സ്വദേശിയായ വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.
പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നയിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയും ചെയ്തു.