മലപ്പുറം: മകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ആരോപിച്ച പിതാവ് മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്‍(75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മകള്‍ കൃഷ്ണപ്രിയയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ(25)യെ ശങ്കരനാരായണന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2001 ഫെബ്രുവരിയിലാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ട് വരുന്നതിനിടെ മുഹമ്മദ് കോയ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ മുഹമ്മദ് കോയ അറസ്റ്റിലായി. പിന്നീട് 2002-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ വെടിയേറ്റ് മരിക്കുന്നത്. വെടിവെച്ചത് ശങ്കരനാരായണൻ ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു.