തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പുറത്തുവിട്ടില്ലെങ്കില്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവരുമെന്ന പേടിയാണ് സിപിഎമ്മിനും സര്‍ക്കാരിനുമെന്നു കെ.കെ.രമ. ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തിയുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും രമ കുറ്റപ്പെടുത്തി.
‘‘സിപിഎം സംസ്ഥാന നേതൃത്വം ജയിലിലാകുന്ന കാര്യങ്ങളാണിതെന്നു ഭരണകര്‍ത്താക്കള്‍ക്ക് അറിയാം. വേറെ ഏതെങ്കിലും പ്രതികള്‍ക്ക് ഇത്രത്തോളം സൗകര്യം ജയിലില്‍ കിട്ടുന്നുണ്ടോ? പ്രതികള്‍ക്കു വേണ്ടി കെ.രാധാകൃഷ്ണന്‍ സബ്മിഷന്‍ അവതരിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ പോയി അവരെ കണ്ടു. എംഎല്‍എമാരുടെ സംഘം ജയിലില്‍ പോയി. പ്രതികളുടെ മേല്‍ ഒരു തരി മണ്ണു വീണാല്‍ എങ്ങനെയാണു സിപിഎമ്മിനു നോവുന്നത്?
പ്രതികളെ ഇവര്‍ എത്രമാത്രം ഭയക്കുന്നുവെന്നതിന്റെ തെളിവാണിത്. ആ ഭയം കൊണ്ടാണ് ഇന്ന് അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തുനോക്കി ചോദിക്കാനുള്ള ഒരുപാടു ചോദ്യങ്ങളുണ്ട്. അതിനെയൊക്കെ സര്‍ക്കാരും മുഖ്യമന്ത്രിയും ഭയക്കുന്നു. അതുകൊണ്ടാണു മുഖ്യമന്ത്രി പറയാതെ സ്പീക്കര്‍ പറഞ്ഞത്. ഇതു സഭയോടുള്ള അവഹേളനമാണ്. വിഷയത്തില്‍ ഗവര്‍ണറെ കാണും.
ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തിയുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന അവസരത്തിലാണു കത്തു നല്‍കിയതുള്‍പ്പെടെയുള്ള നടപടികള്‍ ധൃതിപിടിച്ച് എടുത്തിരിക്കുന്നത്. ആരുമറിയാതെ ഈ പ്രതികളെ പുറത്തുവിടാനുള്ള വലിയ ഗൂഢാലോചനയാണ് നടന്നത്. കേരളം മുഴുവന്‍ വെറുത്ത ക്രിമിനലുകളെ പ്രീതിപ്പെടുത്താനും സന്തോഷിപ്പിക്കാനുമാണു സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നു പ്രതികളെ ഓര്‍മിപ്പിക്കാനാണു ശ്രമം. ഇത്തവണ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുമായിരുന്നു’’– രമ പറഞ്ഞു.