കണ്ണൂർ: സി.പി.ഐ. നേതൃത്വത്തിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകനും തലശ്ശേരിയിൽ അഭിഭാഷകനുമായ രൂപേഷ് പന്ന്യൻ. നവകേരള സദസ്സിലേക്ക് പൗരപ്രമുഖരെ ക്ഷണിച്ചതിലും പരോക്ഷമായ വിമർശമുണ്ട്. ‘തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം... പക്ഷേ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞുകൊണ്ടേയിരിക്കണ’മെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
‘പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമന്ദിരമായ എം.എൻ.സ്മാരകത്തിന് ലാളിത്യവും ഭംഗിയും വന്നുചേർന്നത് മന്ത്രി വാഹനങ്ങൾ കണ്ടല്ല, വെളിയം ഭാർഗവന്റെയും പി.കെ.വി.യുടെയും സി.കെ.ചന്ദ്രപ്പന്റെയുമൊക്കെ ഓർമകൾ പേറുന്ന ഇടമായതിനാലാണ്. ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമങ്ങൾക്ക് വേണ്ടിയാണ് കമ്യൂണിസ്റ്റായതെങ്കിൽ കൃഷ്ണപിള്ളയ്ക്കൊരിക്കലും കുടിലിൽനിന്ന് പാമ്പുകടിയേറ്റ് മരിക്കേണ്ടിവരില്ലായിരുന്നു.
കൃഷ്ണപിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും പി.കെ.വി.യും ചന്ദ്രപ്പനുമൊക്കെ യാത്രപറഞ്ഞിട്ട് അധികമായില്ലെന്ന ഓർമകൾ ഇല്ലാതാകുന്നിടത്താണ് പ്രമാണിമാരും പൗരപ്രമുഖരും പിറവിയെടുക്കുന്നത്. അരപ്പട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതി പണത്തിനാൽ ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോൾമയിർകൊള്ളുന്ന പുതിയ ലോകത്തിനായല്ല പാർട്ടി രൂപം കൊണ്ടത്. കോടികളുടെ ആഘോഷമല്ല കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ എം.എൻ.സ്മാരകമാണ് സാധാരണക്കാരന്റെ സ്വപ്നമെന്നും പോസ്റ്റിലുണ്ട്.