കോഴിക്കോട്: നമ്മള്‍ എന്നും വൈകുന്നേരം ചന്തയില്‍ പോകുന്നപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നതെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വര്‍ഷം താന്‍ അക്കൗണ്ട് തുറക്കും എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വോട്ട് രാഷ്ട്രീയം മാത്രം കണ്ടാണ് സി.എ.എ. നടപ്പാക്കിയത്. മുസ്ലിം മതസ്ഥര്‍ക്ക് പൗരത്വം നല്‍കില്ലായെന്ന് പറഞ്ഞാല്‍ ഈ രാജ്യം അത് അംഗീകരിക്കില്ല. മുഖ്യമന്ത്രിയുടെ ഓര്‍മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് എവിടെയായിരുന്നു എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ഡല്‍ഹി മുതല്‍ ഇങ്ങോട്ട് കോണ്‍ഗ്രസ് സമരം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബില്ലിന്റെ അടിസ്ഥാനം മതം ആവരുത്. 800-ലധികം കേസ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്തിട്ടുണ്ട്. ഒന്നുപോലും പിന്‍വലിച്ചിട്ടില്ല. കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് കണ്ടുള്ള സൂത്രപ്പണിയാണ്. കേരളം കണ്ട മുടിയനായ പുത്രനാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഒരു സ്ഥാനാര്‍ഥിക്കെതിരായും ഒരു സൈബര്‍ അറ്റാക്കും നടക്കാന്‍ പാടില്ല. സൈബര്‍ പടയാളികളെവെച്ച് ഒരാളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല. അത് ഒരിക്കലും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഞാന്‍ സൈബര്‍ അറ്റാക്കിന്റെ ഏറ്റവും വലിയ ഇരയാണ്. ഞാന്‍ അതിനെ ഗൗരവമായി എടുക്കുന്നില്ല. പക്ഷേ, എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ല. അത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കില്ല. കോവിഡ് കള്ളി എന്ന പ്രയോഗം തെറ്റാണ്. പക്ഷേ 1,300 കോടിയുടെ അഴിമതിക്ക് ഉത്തരം നല്‍കണം. ഞാനല്ല പ്രജാപതിയാണ് അത് ചെയ്തത് എന്ന് പറയാനുള്ള രാഷ്ട്രീയമായ ആര്‍ജ്ജവവും നെഞ്ചുറപ്പുമാണ് അവര്‍ കാണിക്കേണ്ടത്', മുല്ലപ്പള്ളി പറഞ്ഞു. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം അംഗീകരികാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.