തിരുവനന്തപുരം: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച വിഷയത്തിൽ മുൻ എം.എൽ.എ കെ.കെ. ലതികയെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്. വർഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ.കെ. ലതിക കുറിപ്പിട്ടതെന്നും പോസ്റ്റ് പിൻവലിച്ചത് പക്വമായ നടപടിയാണെന്നും നമ്മളിൽ പലരും പോസ്റ്റുകൾ പിൻവലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എൽദോസ് കുന്നപ്പിളിയുടെ പരിഹാസം. താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു.
കെ.കെ.രമയും മാത്യു കുഴൽനാടനുമാണ് പ്രതിപക്ഷത്തുനിന്ന് കാഫിർ പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചത്. വർഗീയ പ്രചാരണങ്ങളിൽ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി എംബി രാജേഷ് കെ.കെ. ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു.കെ.കെ. ലതികയുടെ എഫ്ബി പോസ്റ്റ് വർഗീയ പ്രചാരണത്തിന് എതിരെയാണെന്നും ഫേസ്ബുക്കിൽ നിന്ന് മറുപടി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ചുള്ള വാട്സാപ് സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്.