വടകര: കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സിപിഎം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ സാധിക്കും’’ – മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ കുറ്റപ്പെടുത്തിയ പ്രതിപക്ഷം സമരാഗ്നിക്കു വേണ്ടി ഹെലികോപ്റ്റർ യാത്ര നടത്തുന്നതിന കുറിച്ചുള്ള ചോദ്യത്തിനും മുരളീധരൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പാർട്ടി പണം ഉപയോഗിച്ചാണ് ഹെലികോപ്റ്റർ യാത്ര നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ പോലെ ജനങ്ങളുടെ പണം ഉപയോഗിച്ചല്ല യാത്രയെന്നുമായിരുന്നു മറുപടി. ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുക പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തുകയാണെങ്കിൽ താൻ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.