കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം. സംസ്ഥാനസമിതി അംഗവും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ മൊഴിയെടുത്തു.
സ്‌ക്രീന്‍ഷോട്ട് ലതിക അന്നുതന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് വടകര ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ലതികയുടെ കക്കട്ടിലെ വീട്ടിലെത്തിയത്. വനിതാ എസ്.ഐ. ധന്യാ കൃഷ്ണനാണ് മൊഴി രേഖപ്പെടുത്തിയത്.
25-ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. നല്‍കിയ പരാതിയില്‍ വടകര പോലീസ് കേസെടുത്തിരുന്നു.