തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തുരക്ഷിക്കുന്നതിലൊക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്. വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെ ഉയർന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ കാനമെന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാർഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ പല ഘട്ടങ്ങളിൽ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സി.പി.ഐ. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി.
നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. നിയമനിർമ്മാണം അടക്കമുള്ള കാര്യങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി. അടിച്ചമർത്തപ്പെടുന്നവരുടെ ഭാഗത്ത് നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ, കരുത്തനായ സംഘാടകൻ, മികച്ച വാഗ്മി, പാർട്ടി പ്രചാരകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു കാനം.സി.പി.ഐ., സി.പി.എം. ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധവെച്ചു. വ്യക്തിപരമായ നിലയിൽ നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയരംഗത്ത് സഹകരിച്ചു പ്രവർത്തിച്ചതിന്റെ നിരവധി ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിൽ വന്നുനിറയുന്നുണ്ട്. പലതും വൈകാരിക സ്പർശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവുമായിരുന്നു കാനം എന്നുമാത്രം പറയട്ടെ.
ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വർധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താത്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിൽ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാർഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്. സി.പി.ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്. സി.പി.ഐക്കും ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും ഇത് തീരാനഷ്ടമാണ്. ആ വിടവ് ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്തുക എന്നതാണ് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം.
സി.പി.ഐ. (എം) ഉം സി.പി.ഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി നേരിടുന്നതില്‍ കാനം രാജേന്ദ്രന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. വലതുപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം. പ്രതികൂല സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വപരമായ പങ്ക് അദ്ദേഹം നിര്‍വ്വഹിച്ചു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലിടപെട്ട് അവരുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന ശൈലി കാനത്തിനുണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം സജീവമാക്കി ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് അദ്ദേഹം തല്‍പരനായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷ ബദല്‍ മുന്നോട്ടുവെക്കുന്നതിന് സജീവമായ പങ്കാളിത്തം കാനം വഹിച്ചിരുന്നു.
അസുഖ ബാധിതനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം കണ്ട അവസരത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയാണ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടത്. ഒരു ആയുസ് മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കാനം രാജേന്ദ്രന്റെ വിയോഗത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സി.പി.ഐ സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എം.വി. ഗോവിന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.