കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയിരിക്കുന്നത്. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.
ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും.
നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്.