വടകര : സി.പി.എം. ജില്ലാകമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു. ബുധനാഴ്ച മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവിലാണ് പ്രതിഷേധമുണ്ടായത്. മുടപ്പിലാവില്‍ സെന്റററില്‍ 25 പേരിലധികം വരുന്ന ചെറുപ്പക്കാര്‍ ദിവാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. തിരുവള്ളൂരും സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
'തെറ്റില്ലാത്ത മനുഷ്യരില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, തെറ്റുതിരുത്തുക കൂടെച്ചേരുക. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല. കുടിപ്പക വെച്ചുപുലര്‍ത്താതെ ഒന്നിച്ചൊന്നായ് മുന്നോട്ട്', എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധിച്ചവര്‍ മുഴക്കിയത്.
പാലയാട് കഴിഞ്ഞദിവസം അണികള്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അന്‍പതോളം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. തുറശ്ശേരി മുക്കില്‍നിന്നായിരുന്നു പ്രകടനം ആരംഭിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടെ പാര്‍ട്ടി അംഗത്വം പുതുക്കലിനോടും പ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ നീക്കമുണ്ടെന്ന് വിവരമുണ്ടായിരുന്നു.ദിവാകരനെ ഒഴിവാക്കിയതിനെതിരേ സംസ്ഥാനനേതൃത്വത്തിന് വടകര മേഖലയില്‍നിന്നും ജില്ലയുടെ മറ്റുഭാഗങ്ങളില്‍നിന്നും പരാതികള്‍ വരുന്നുണ്ട്. കത്തായും ഇ- മെയിലായും വാട്‌സാപ്പ് സന്ദേശമായും ഒട്ടേറപ്പേര്‍ പരാതി അയച്ചിരുന്നു. സംസ്ഥാനനേതാക്കളെ വിളിച്ചും ചിലര്‍ പ്രതിഷേധം അറിയിച്ചു.