വടകര: പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ നടപടി വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. 21 അംഗ ഏരിയാ കമ്മിറ്റി യോഗത്തില്‍ മൂന്നോ നാലോ പേരൊഴികെ മറ്റുള്ളവരെല്ലാം നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതായാണ് വിവരം. ന്യായീകരണമില്ലാത്ത നടപടിയായിപ്പോയെന്ന് ഇവരെല്ലാം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറി എം.മഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ഭാസ്‌കരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗമാണ് ഇന്നലെ വടകരയില്‍ നടന്നത്.
യോഗത്തില്‍ പങ്കെടുത്തവരൊക്കെ പി.കെ.ദിവാകരനെതിരായ നടപടിയെ വിമര്‍ശിച്ചു. അണികളുടെ വികാരം പങ്കുവെക്കും മട്ടിലാണ് ഇവരുടെ പ്രതികരണം. ഇപ്പോള്‍ നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായെന്ന് ഇവര്‍ പറഞ്ഞു. ചിട്ടയായി നടന്ന ജില്ലാ സമ്മേളനത്തിന്റെ ശോഭ കെടുത്തും മട്ടിലായി നടപടി. പലരും അംഗത്വം പുതുക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യമാണ്.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണെന്ന കാര്യവും അംഗങ്ങള്‍ ഓര്‍മിപ്പിച്ചു. ജില്ലാ സമ്മേളനം കൈക്കൊണ്ട തീരുമാനം തിരുത്താതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് യോഗത്തിലുയര്‍ന്നത്.യോഗത്തിലെ പൊതുവികാരം നേതാക്കള്‍ മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യും.