തിരുവനന്തപുരം: പി വി അൻവർ കോൺഗ്രസുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറുമായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അൻവർ കോൺഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് നിൽക്കും. ആ നിർദ്ദേശങ്ങൾ കോൺഗ്രസിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അൻവർ പറഞ്ഞിട്ടുണ്ട്. ആ സഹകരണം കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. മുന്നണിയിൽ ആലോചിക്കാതെ മുന്നണി പ്രവേശനത്തെക്കുറിച്ച് പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ.കോൺഗ്രസും യുഡിഎഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാർത്ഥിക്കും പി വി അൻവർ പരിപൂർണ പിന്തുണ നൽകും.'- വി ഡി സതീശൻ പറഞ്ഞു.