ആയഞ്ചേരി: ആയഞ്ചേരി മുക്കടത്തുംവയല്‍ കുനീമ്മല്‍ രാജീവന്റെ (55) മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മര്‍ദനമാണ് മരണകാരണമെന്നാണ് കുടുംബം ഉന്നയിക്കുന്നത്. ശനിയാഴ്ച രാത്രി ആയഞ്ചേരി പോക്ലാറത്തു താഴെ വെച്ച് ഒരു സംഘമാളുകള്‍ രാജീവനെ മര്‍ദിച്ചതായി പറയുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ രാജീവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. രാജീവന്റെ മരണം മര്‍ദനം മൂലമാണെന്നാരോപിച്ച് കുടുംബം വടകര പോലീസില്‍ പരാതി നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.രാജീവന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഗൃഹപ്രവേശനത്തിനുള്ള ഒരുക്കം നടക്കുന്ന വീട്ടില്‍ നിന്ന് രാത്രി സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ്ബൈക്ക് തടഞ്ഞുനിര്‍ത്തി രാജീവനെ ഒരു സംഘമാളുകള്‍ പരിക്കേല്‍പിച്ചത്. ആദ്യം വടകര സഹകരണാശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്ന് തലശേരി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് മരണം. സുധയാണ് രാജീവന്റെ ഭാര്യ. മക്കള്‍: നീതു, നിഖില്‍. മരുമക്കള്‍: രാജേഷ് (മുയിപ്പോത്ത്), കാവ്യ (കീഴരിയൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കേളു, ശാന്ത (ആയഞ്ചേരി), ലീല (ചാവട്ട്), രാധ (എരവട്ടൂര്‍).