തിരുവനന്തപുരം: സി എം ആർ എൽ - എക്‌സാലോജിക് ഇടപാട് കേസിൽ പ്രതിചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴിയെടുക്കുന്നതിൽ അനുമതി തേടി ഇ ഡി അപേക്ഷ നൽകി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.
മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതി അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെ കോടതിയിൽ അപേക്ഷ നൽകി ഇ ഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പഠിച്ച ശേഷമാണ് വീണാ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നൽകിയത്.യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സി എം ആർ എല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയത്. വീണ അടക്കമുള്ളവർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ കർത്തയും ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ.