കശ്മീർ : കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ തീവ്രത വെളിവാക്കുന്ന ഹൃദയംതകരുന്ന ചിത്രമായിരുന്നു വെടിയേറ്റ് മരിച്ച് കിടക്കുന്ന ഭർത്താവിന് മുന്നിൽ നിസ്സഹയതോടെ ഇരിക്കുന്ന ഭാര്യയുടെ ചിത്രം. ഹരിയാന സ്വദേശിയും കൊച്ചിയിൽ നാവിക സേന ഉദ്യോഗസ്ഥനുമായ വിനയ് നർവാളും (26) ഭാര്യ ഹിമാൻഷിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്.ആക്രമണത്തിന്റെ ഭീകരത വിളിച്ചോതും ചിത്രമാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്ത് 19നാണ് കശ്മീരിലേക്ക് പോകുന്നത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ മധുവിധു ആഘോഷങ്ങൾക്കിടെയാണ് ഭീകരർ ഭാര്യയുടെ മുന്നിൽ വെച്ച് വിനയിനെ വെടിവെച്ച് വീഴ്ത്തുന്നത്.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്.