കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. 'സമാധിപീഠം' പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.