ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇന്ന് രാവിലെ കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു.
നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിൻ്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.