കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്ദം കേട്ട് 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍. കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു പടക്കം പൊട്ടിച്ചത്. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തെന്നും അഷ്‌റഫ് പറഞ്ഞു. രാത്രിയും പകലുമായി നിരവധി തവണ ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി പത്ത്മണിക്ക് ശേഷമാണ് ആഘോഷപരിപാടി നടന്നത്. പെട്ടെന്ന് ഉഗ്രശബ്ദത്തോടെ പടക്കം പൊട്ടുകയായിരുന്നു. പെട്ടെന്ന് കുട്ടി ഞെട്ടുകയും അസാധാരണമായ ശബ്ദമുണ്ടാക്കുകയും ചെയ്‌തു. അഞ്ച് മിനിറ്റോളം കുഞ്ഞ് കണ്ണും വായും തുറന്ന അവസ്ഥയിലായിരുന്നു. കുറേസമയം കാലിലൊക്കെ തടവി കൊടുത്ത ശേഷമാണ് കുട്ടി സാധാരണ നിലയിലേയ്ക്കെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തിന്‍റെ നിറം മാറിയതായും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു.
വിവാഹത്തിനുശേഷം തിരിച്ചുവരുമ്പോള്‍ വീണ്ടും പടക്കം പൊട്ടലുണ്ടായെന്നും കുഞ്ഞിന്റെ അവസ്ഥ പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നും പെട്ടെന്ന് കുഞ്ഞിനെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു..നിലവില്‍ കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഭാവിയില്‍ കുട്ടിക്ക് പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാര്‍. എം.ആര്‍.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയിട്ടുണ്ട്.