കൊച്ചി: വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ വിതരണംചെയ്യുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതില്‍ നടപടി. സ്ഥാപനത്തിനെതിരേ റെയില്‍വേ ഒരുലക്ഷംരൂപ പിഴചുമത്തി. അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപവത്കരിച്ചു. കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെ എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. അഴുകിയ ഇറച്ചിയും ചീമുട്ടയുമടക്കം ചീഞ്ഞളിഞ്ഞതും വൃത്തിഹീനവുമായ നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയിരുന്നു.
സ്ഥാപനത്തെതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമീപവാസികളാണ് പരാതി നല്‍കിയിരുന്നത്. അന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പിഴ ചുമത്തുകയായിരുന്നു. തുടര്‍ന്ന് ലൈസന്‍സ് എടുക്കുന്നതിന് രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതുവരെ ലൈസന്‍സ് എടുത്തിട്ടില്ല. ആരുടേതാണ് ഈ സ്ഥാപനമെന്നതും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അറിയില്ല.കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കാലാവധി കഴിഞ്ഞ മാംസം അടക്കമുള്ളവയാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്നത്.അടച്ചുപൂട്ടി സീല്‍ ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. സ്ഥാപനം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടേയുള്ളൂവെന്നാണ് വിവരം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പായ്ക്കറ്റുകള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.