കാളികാവ്: റബ്ബര്‍ ടാപ്പിങ്ങിന് പോയ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെയും സ്ഥലത്തെത്തിയ ഡിഎഫ്ഒയെ തടഞ്ഞുവെച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാലരമണിക്കൂറോളമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
സ്ഥലം എംഎല്‍എ എ.പി. അനില്‍കുമാര്‍, ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഡിഎഫ്ഒ യെ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പോകാനനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. അതോടെ പോലീസും നാട്ടുകാരും ഉന്തും തള്ളുമായി. പിന്നീട് മൃതദേഹം ആംബുലൻസിലേക്ക് മാറ്റി.
പ്രദേശത്ത് ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മരിച്ച ഗഫൂറിന്റെ കുടുംബാംഗത്തിന് താത്കാലിക ജോലി നൽകാനും ധാരണയായിട്ടുണ്ട്.അതേസമയം കടുവയെ മയക്കുവെടിവെക്കാനായി ഒരു സംഘം തോട്ടത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.