തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തിയത്. വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.
ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്.തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.