ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ലോഗോ അയച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ പ്രമേയമാക്കിയാണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വ്യത്യസ്തമായ പ്രതിഷേധം എന്ന നിലക്കാണ് ലോഗോ അയച്ചത്.
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെ തുടർന്നാണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി ആവശ്യപ്പെട്ട രണ്ട് ലക്ഷം രൂപ ബാങ്ക് നൽകിയിരുന്നില്ല. പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞുവെന്നും പിടിച്ചു തള്ളിയെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ ഭരണസമിതി സസ്‌പെൻഡ് ചെയ്തിരുന്നു.