ന്യൂഡൽഹി : ജനങ്ങളെ ശക്തരാക്കിയ നിയമനിർമാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണ് സംസ്കാരം.
ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.