കൊച്ചി: സര്‍ക്കാര്‍ പരിപാടികളിലും വെടിക്കെട്ട് മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്താവൂ എന്ന് ഹൈക്കോടതി. വെടിക്കെട്ടിന് അനുമതി നിഷേധിച്ച പാലക്കാട് ജില്ലാ കളക്ടറുടെ തീരുമാനം ചോദ്യംചെയ്ത് മണ്ണപ്ര മഹാവിഷ്ണു അയ്യപ്പന്‍കാവ് ആറാട്ട് ഉത്സവ കമ്മിറ്റി പ്രസിഡന്റ് എ. വിജയന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിര്‍ദേശം.
ഒക്ടോബര്‍ 11-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം വെടിക്കെട്ട് നടത്തുന്നതിന് ഫയര്‍ ഡിസ്പ്ലേ അസിസ്റ്റന്ററ് അല്ലെങ്കില്‍ ഫയര്‍ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റില്ലാതെ അപേക്ഷ നല്‍കിയതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഫയര്‍ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ലെന്നും അതിനാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര വിജ്ഞാപനത്തിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോള്‍, വെടിക്കെട്ടിനുള്ള അനുമതിക്ക് ഇളവനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളക്കം നടത്തുന്ന വെടിക്കെട്ടുകളിലും വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എക്‌സ്പ്ലോസീവ് കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും ശ്രമം നടത്തുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.