കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും തൃശൂര്‍ പാവറട്ടി സ്വദേശിയുമായ മൗസ മെഹ്‌റിസിന്റെ (20) ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സുഹൃത്ത് മൗസയെ കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവാവുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം മൗസ കുറച്ചതായും മൗസയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൗസയുടെ ഫോണ്‍ മരിക്കുന്നതിന്റെ തലേദിവസം ഈ യുവാവ് കൈക്കലാക്കിയതായും സംശയമുണ്ട്.
ലോ കോളേജിന് സമീപത്തെ കടയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് മൗസയുമായി അടുപ്പം സ്ഥാപിച്ചത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു.മരിച്ചതിന്റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിച്ചതായും വിവാഹിതനും കുട്ടികളുടെ പിതാവാണെന്ന് അറിയിച്ചതായും സൂചനകളുണ്ട്. ഇതിന് ശേഷം മൗസ മറ്റൊരു ഫോണില്‍ നിന്നും അച്ഛനെ വിളിച്ച് ഫോണ്‍ തകരാറിലാണെന്ന് പറയുകയും ഫോണ്‍ നന്നാക്കിയ ശേഷം തിരിച്ചു വിളിക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് വിവാഹിതനും കുട്ടികളുടെ പിതാവും ആണെന്ന് മനസ്സിലാക്കിയതാണ് ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.