കണ്ണൂര്‍: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. കുണ്ടറ സ്വദേശിനി ദിവ്യ ജോണിയെക്കുറിച്ച് ആദ്യമായി മലയാളികൾ അറിഞ്ഞത് ഇങ്ങനെയായിരുന്നു. സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോട് സമൂഹത്തിന് വെറുപ്പ് മാത്രമേ തോന്നു. എന്നാല്‍, ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോള്‍ ആ വെറുപ്പ് സഹതാപമായി, സ്‌നേഹമായി. അതിനേക്കാളുപരി പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന മാനസികാവസ്ഥയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ദിവ്യയ്ക്ക് സാധിച്ചു.
സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുത്തുവാക്കുകളും മാനസികപീഡനവും, അതിലുപരി താന്‍ ചെയ്ത തെറ്റിന്റെ കുറ്റബോധവും ദിവ്യയെ വേട്ടയാടിയിരുന്നു. കാലക്രമേണ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദിവ്യ മരണത്തിന് മുന്നില്‍ കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
കണ്ണൂരിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു ദിവ്യ. ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, ഭര്‍തൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. ഗര്‍ഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴും ജീവിതത്തെ പ്രതീക്ഷാപൂര്‍വം തന്നെയാണ് ദിവ്യ കണ്ടത്. എന്നാല്‍, കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവസം ഭര്‍തൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ ദിവ്യയോടുള്ള സമീപനത്തില്‍ അവര്‍ക്ക് മാറ്റമുണ്ടായില്ല. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു. ആദ്യം കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോള്‍ അതില്‍നിന്ന് പിന്‍മാറി. എന്നാല്‍, മനസ്സ് വീണ്ടും കൈവിട്ടപ്പോള്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തി. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോള്‍ കടുത്ത പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.